Saturday, July 14, 2007

മോര്‍ച്ചറി

കാത്തിരിപ്പു അസഹ്യമാവുന്നവര്‍
മോര്‍ച്ചറിക്കു പുറത്തു
പിറുപിറുത്തും
വിരലുകള്‍ ഞെരിച്ചും ...
എത്ര കത്തിച്ചിട്ടും
അണഞ്ഞു പോവുന്ന ബീഡിക്കുറ്റി
തീപ്പെട്ടിയുരച്ചും വീണ്ടുമുരച്ചും
കാറ്ററിയാതെ കത്തിക്കുന്ന
മോര്‍ച്ചറി സൂക്ഷിപ്പുകാരന്‍

അകത്ത്‌..
മരണത്തിന്റെ മൗനത്തില്‍
ഡെറ്റോളും ഫിനോയിലും
ഒരുമിച്ചൊരു ഗന്ധമാവുന്നു..
റാക്കുകളില്‍
കാത്തിരിക്കുന്നു ശവങ്ങള്‍..
തുടമാന്തിപ്പൊളിച്ചുകണ്ണുതുറിച്ചതു..
തലയുമുടലും ചേരാത്തതു,
വിഷംകുടിച്ചളിഞ്ഞുപോയതു,
താളംതെറ്റിയോടിയ ജീവിതത്തില്‍ നിന്നും
തെറിച്ചു വീണതു,
പാളങ്ങളില്‍ അരഞ്ഞു പൊയതു,
പറിച്ചു ചീന്തിയതു.....
മരിച്ചു കഴിഞ്ഞാല്‍ ഒരേ പൊലെ
ഒരേ പേരു ....ശവം

ആവശ്യക്കാരില്ലാതതു
പഠനമുറികളിലേക്കു..
പൊതു ശ്മശാനത്തിലേക്കു...

നിലവിളികളും
അടക്കം പറച്ചിലുകളുമായി
വരുന്നവരെ കാത്തു..
മിഠായികടലാസു കൈവെള്ളയില്‍
മുറുക്കിപിടിച്ചു...
റോഡില്‍ ചിറകറ്റുവീണൊരുകുഞ്ഞുശലഭം...

മോര്‍ച്ചറി സൂക്ഷിപ്പുകാരനിപ്പൊഴും..
കാറ്ററിയാതെ..
കൈപൊത്തി തീപ്പെട്ടിയുരച്ചു............

Thursday, July 12, 2007

ഉമ്മാമ പറഞ്ഞ കഥ

പുഴക്കരയിലെ പഴയ പള്ളി
വാതങ്കൊല്ലി പടര്‍ന്ന മീസാന്‍ കല്ലുകള്‍
കാടുപിടിച്ച
മരിച്ചവരുടെ ഖബറുകള്‍
മരിക്കാത്തവരുടെ ഖബറുകള്‍
കുഴിച്ചു,മണല്‍ നിറച്ചു,
എനിക്കു നിനക്കു...
ഞമ്മള്‍ക്കെല്ലാമായി.

ഇരുട്ടിനെ പേടിക്കുമ്പോഴൊക്കെ
ഉമ്മാമ പറയും..
ഇതിരുട്ടല്ല..
ഖബറിലെ ഇരുട്ടാ ഇരുട്ടു.

ആ ഖബറുതന്നെ....
മൊല്ലാക്ക വിരല്‍ ചൂണ്ടുമ്പോള്‍
അത്തറിനു മയ്യത്തിന്റെ മണം.
ഉമ്മാമ പറഞ്ഞ കഥകളിലെ
മയ്യത്തിന്റെ മണമുള്ള മൊല്ലാക്ക.
ബാങ്കു വിളിച്ചു, വിളിച്ചു
പറയുന്നതൊക്കെബാങ്കാവുന്നു.

പുഴക്കും പള്ളിക്കുമിടയില്‍ ഞാനിപ്പൊഴും.
പുഴപറയാന്‍ തുടങ്ങിയാല്‍
ചോദിക്കണമെനിക്കു
ചുഴിയിലേക്കു ആഴ്ത്തിക്കളഞ്ഞ
പെങ്ങളെപ്പറ്റി.
ഒളിപ്പിച്ചുവെച്ച നീരാളികൈകളില്‍
കുരുങ്ങി പിടഞ്ഞ കിനാവിനെ പ്പറ്റി.

പുഴ പള്ളി ഉമ്മാമ
ഇടയില്‍ എത്ര തുഴഞ്ഞിട്ടും..
നീങ്ങാത്ത തോണിയില്‍ ഞാനും.
തുഴക്കോല്‍ നല്ലതല്ലെന്നു പറഞ്ഞതു നീയാണോ?

കാടു കയറിപ്പോയ ഖബറുനോക്കി
മൊല്ലാക്ക ഇപ്പോഴും.

പുഴക്കും പള്ളിക്കുമിടയില്‍ ഞാനിപ്പോള്‍
ഉമ്മാമ പറയുന്ന കഥയാവുന്നു.

Sunday, June 17, 2007

പേറ്റന്റ്‌

എനിക്കു വേണം പേറ്റന്റ്‌
അമ്മയുടെ കണ്ണുനീരില്‍നിന്നും
ഉപ്പു വാറ്റാന്‍
മുലപ്പാലില്‍ നിന്നുംബിസ്കറ്റ്‌....
താരാട്ടിനൊരുപകര്‍പ്പവകാശം .

എനിക്കു വേണം
നിന്റെ ആധികള്‍
ഉത്ക്കണ്ടകള്‍...
നമുക്കൊരു പോളിസികൂടി എടുക്കാം
എന്നിട്ടു മതി സ്വപ്നങ്ങള്‍ .

Wednesday, April 25, 2007

പഴയകത്തുകള്‍

പഴയ കത്തുകള്‍
വാക്കുകള്‍ക്കിപ്പൊഴും
പുതുമണം.

വരികള്‍ കണ്ണിലലിയുമ്പോള്‍
ഖല്‍ബില്‍ ഓര്‍മ്മകളുടെ ഒപ്പന.
കണ്ണിമചിമ്മാതെ
എഴുതിയതില്‍ നിറയെ
നിന്റെ പിടച്ചിലുകള്‍
കരച്ചിലുകള്‍....
വായിച്ചു,വായിച്ചു
എന്റെ കണ്ണുണങ്ങി
എന്നൊപ്പം മരുഭൂമിയും
കത്തുമ്പോള്‍
നിന്റെ കത്തില്‍
മഴപെയ്തുതോര്‍ന്നു
മഞ്ഞുവീണു
മാവുപൂത്തു
അസര്‍മുല്ലകള്‍
‍വിരിഞ്ഞും കൊഴിഞ്ഞുമിരുന്നു.

മടക്കയാത്രയെ ഓര്‍മ്മിപ്പിക്കുന്ന
പുതിയ കലണ്ടറുകള്‍
പറഞ്ഞുതീരാത്ത രാത്രികള്‍ക്കയി
നിന്റെ കാത്തിരിപ്പു....
അപ്പോഴൊക്കെ ഞാനുമെഴുതി
എത്രവെള്ളമൊഴിച്ചിട്ടും
കരിഞ്ഞുപോവുന്ന മൈലാഞ്ചി
ചെടികളെപ്പറ്റി...
കേള്‍ക്കാനുരുമില്ലെങ്കിലും
ഉറക്കെ പാടി
കത്തില്‍ സ്നേഹക്ഷരങ്ങള്‍
കുത്തിനിറച്ചു..

രണ്ടു കരകളില്‍
‍ഒരേ വഞ്ചിക്കുള്ള കാത്തിരിപ്പു...
ഒരേ നെടുവീര്‍പ്പുകള്‍
തലയും നെഞ്ചും നരച്ച്‌...
താളുകള്‍ കീറിത്തീര്‍ന്ന
ചെക്കുബുക്കായി ഞാനും ...

ഇന്നു രാത്രിയും ഞാന്‍ വായിക്കും
നിന്റെ പഴയകത്തുകള്‍

Saturday, April 7, 2007

പ്രണയവിവാഹം

അന്നുകണ്ട നീലിമയൊന്നുമീ
കണ്ണിനിന്നില്ല
പൂക്കാലം തന്നെയന്നു
പൂ പോലുമല്ലിന്നു.

കാത്തു കേള്‍ക്കാന്‍,
കൊഞ്ജി നീ മൊഴിയുമ്പോള്‍
മധുമൊഴിയെന്നത്ര വട്ടം മൊഴിഞ്ഞു
പറയട്ടെ കര്‍ണ്ണ കഠോരമെന്നു
പതിയെ നീ പറഞ്ഞാലുമിന്നു.

കഥ പറഞ്ഞുറങ്ങാത്ത
രാവുകളെത്ര വേഗം മറഞ്ഞു
പറയാതെ,നെടുവീര്‍പ്പുമായി
തിരിഞ്ഞു കിടന്നു കൂര്‍ക്കം വലീക്കുമീ
രാവുകളിനിയെത്ര താണ്ടണം.

പുകപിടിച്ചാ പഴയ ഫോട്ടൊയില്‍
‍ഒരുമിച്ചു നില്‍ക്കുമാ ചേര്‍ച്ചയെ
ഒരുവട്ടം കൂടി നോക്കി
ഒരുമിച്ചൊരു വാക്കു പറയാമിന്നു.....................
പ്രണയം ഹൃദ്യമായമണ്ടത്തരമാണു....

Friday, March 16, 2007

കോങ്കണ്ണന്‍

ഇടതും വലതും ഒരു പോലെ
ഒന്നിരട്ടിച്ചു രണ്ടായതാണോ?
രണ്ടു പക്ഷവും പറഞ്ഞു
ഞാന്‍ കോങ്കണ്ണനാണെന്നു.....

Thursday, March 15, 2007

കാലങ്ങള്‍ക്കിടയില്‍

ഉത്തരാധുനികതക്കും
വിലക്കയറ്റ കാലത്തിനുമിടയില്‍
‍കാലന്റെ സഞ്ചാരം
പോലീസ്‌ ജീപ്പ്പിലായി
ലോക്കപ്പ്‌ സുരക്ഷിതമല്ലാതതുകൊണ്ടു
ജനം പുഴയില്‍ ചാടി മരിച്ചു

വിലക്കയറ്റകാലം

മായത്തില്‍ അരി ചേര്‍ത്തു വിറ്റു
വിഷത്തിനു വില കയറി
വര്‍ത്തമാനത്തിനു വിലകുറയാതിരിക്കാന്‍
‍മിണ്ടാതെ ഞങ്ങളും.

ആശുപത്രി.....

അതേ ആശുപത്രി....
നരച്ച ബഞ്ചുകള്‍
‍പൊടിപിടിച്ച കാറ്റാടി മരങ്ങള്‍
‍വിളറിയ സ്റ്റെത്സകൊപ്പുകള്‍
‍ഡെറ്റോളിന്റെ മണം മാത്രമറിയുന്ന
ഇടനാഴികള്‍
‍അതേ ആശുപത്രി.....
ബീഡി പ്പുക തിന്നുന്ന
ആംബൂലന്‍സ്‌ ഡ്രൈവര്‍
‍പരിപ്പുവട മാത്രം പൊരിയുന്ന കാന്റീന്‍
കഫകെട്ടു ബാധിച്ച വീല്‍ചെയറുകള്‍
‍അതേ ആശുപത്രി തന്നെ
അകമൊന്നു മാറിയിട്ടുണ്ടു..അത്ര തന്നെ...
അതുമാത്രം എനിക്കറിയാം.

തിരക്കിനിടയില്‍
മരണം മിസ്സ്‌കാളുകള്‍ അടിക്കും നേരം
ഞാനുമെത്താറുണ്ടു
വെന്റിലേറ്ററിനകത്തു
മരണവും ജീവിതവും
സ്വകാര്യം പറയുന്നതു കേള്‍ക്കാന്‍
‍അപ്പൊഴൊക്കെ എനിക്കും തൊന്നാറുണ്ടു
അതേ ആശുപത്രി...................

Wednesday, March 14, 2007

ശേഷക്രിയ

ഉമ്മറക്കോലായില്‍
‍പൊടിപിടിച്ചിരുന്നു ഇന്നലെ വരെ
മരിച്ചു പോയി.......
ശേഷക്രിയക്കൊരു ലോണ്‍ എടുക്കാം
പരേതനെ ജാമ്യമായി ആര്‍ക്കു വേണം?
പാവം അച്ചനുണ്ടോ ഇതറിയുന്നു?
ശവമാണെങ്കില്‍..
ഒരു ലക്ഷം തരാമെന്നു സ്വാശ്രയക്കാര്‍
‍ആത്മാവു കോപിക്കുമോ?
ഇല്ലെങ്കില്‍........

കവിയെ പ്രണയിക്കരുത്‌.

കവിയെ ഒരിക്കലും
പ്രണയിക്കരുതു.
നിന്റെ പ്രണയത്തെ
വാരികകള്‍ക്കയച്ചു കൊടുക്കും
നിന്റെ പ്രണയത്തെപ്പറ്റി
നിനക്കു മനസ്സിലാവാത്ത
ഭാഷകളില്‍ എഴുതും.
നിന്റെ വികാരങ്ങളെ
ഉത്തരാധുനികതെയിലേക്കു
മാറ്റിയവന്‍ചായ കുടിക്കും.
ഒടുവില്‍ നീ തന്നെ അവനെന്നും
അവന്‍ തന്നെ നീയെന്നും പറഞ്ഞു
മറ്റാരെയെങ്കിലും പ്രണയിക്കും.