Saturday, July 14, 2007

മോര്‍ച്ചറി

കാത്തിരിപ്പു അസഹ്യമാവുന്നവര്‍
മോര്‍ച്ചറിക്കു പുറത്തു
പിറുപിറുത്തും
വിരലുകള്‍ ഞെരിച്ചും ...
എത്ര കത്തിച്ചിട്ടും
അണഞ്ഞു പോവുന്ന ബീഡിക്കുറ്റി
തീപ്പെട്ടിയുരച്ചും വീണ്ടുമുരച്ചും
കാറ്ററിയാതെ കത്തിക്കുന്ന
മോര്‍ച്ചറി സൂക്ഷിപ്പുകാരന്‍

അകത്ത്‌..
മരണത്തിന്റെ മൗനത്തില്‍
ഡെറ്റോളും ഫിനോയിലും
ഒരുമിച്ചൊരു ഗന്ധമാവുന്നു..
റാക്കുകളില്‍
കാത്തിരിക്കുന്നു ശവങ്ങള്‍..
തുടമാന്തിപ്പൊളിച്ചുകണ്ണുതുറിച്ചതു..
തലയുമുടലും ചേരാത്തതു,
വിഷംകുടിച്ചളിഞ്ഞുപോയതു,
താളംതെറ്റിയോടിയ ജീവിതത്തില്‍ നിന്നും
തെറിച്ചു വീണതു,
പാളങ്ങളില്‍ അരഞ്ഞു പൊയതു,
പറിച്ചു ചീന്തിയതു.....
മരിച്ചു കഴിഞ്ഞാല്‍ ഒരേ പൊലെ
ഒരേ പേരു ....ശവം

ആവശ്യക്കാരില്ലാതതു
പഠനമുറികളിലേക്കു..
പൊതു ശ്മശാനത്തിലേക്കു...

നിലവിളികളും
അടക്കം പറച്ചിലുകളുമായി
വരുന്നവരെ കാത്തു..
മിഠായികടലാസു കൈവെള്ളയില്‍
മുറുക്കിപിടിച്ചു...
റോഡില്‍ ചിറകറ്റുവീണൊരുകുഞ്ഞുശലഭം...

മോര്‍ച്ചറി സൂക്ഷിപ്പുകാരനിപ്പൊഴും..
കാറ്ററിയാതെ..
കൈപൊത്തി തീപ്പെട്ടിയുരച്ചു............

7 comments:

Hari said...

ആ ചെറിയ കയ്യിലെ മിഠായി കടലാസ് പോലെ അനുവാചകന്റെ മനസ്സിനെ ചുരുട്ടി കശക്കുന്ന വരികള്‍.

ജാസു said...

ഞാന്‍ വായിച്ച താങ്കളുടെ 2 കവിതയിലും മരണത്തിന്റെ ഗന്ധം...കവിത നന്നായിരിക്കുന്നു...

പ്രദീപ് said...

നല്ല കവിതകള്.എന്താ ഇതൊന്നും ആരും വായിക്കത്തെ?

Muhammed Sageer Pandarathil said...

കാത്തിരിപ്പു അസഹ്യമാവുന്നവര്‍
മോര്‍ച്ചറിക്കു പുറത്തു
പിറുപിറുത്തും
വിരലുകള്‍ ഞെരിച്ചും ...
എത്ര കത്തിച്ചിട്ടും
അണഞ്ഞു പോവുന്ന ബീഡിക്കുറ്റി
തീപ്പെട്ടിയുരച്ചും വീണ്ടുമുരച്ചും
കാറ്ററിയാതെ കത്തിക്കുന്ന
മോര്‍ച്ചറി സൂക്ഷിപ്പുകാരന്‍
as me............

നജൂസ്‌ said...

നന്നായിട്ടുണ്ട്‌.
:)

ഹാരിസ് said...

ഹാരിസ് പേരുകള്‍ തമ്മില്‍ സാമ്യമുണ്ടല്ലൊ.

സാരമില്ല.ഞാന്‍ മാറ്റി.നിങ്ങളാണ് ഇതു വഴി ആദ്യം വന്നത്.

കവിത പലതും..പൊള്ളുന്നത്.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഇതൊക്കെ ആരും അറിയാതെ പോകുന്നല്ലൊ സുഹൃത്തെ.
ഇതില്‍ സെറ്റിങ്ങ്സില്‍ കമന്റ് നോട്ടിഫിക്കേഷന്‍ അഡ്രസില്‍ marumozhikal@gmail.com
കൊടുക്കുക..
വരികളിലെ വര്‍ണ്ണന എനിക്ക് വിലയിരുത്താന്‍ പറ്റുന്നില്ലാ.
പൊള്ളുന്ന അഗ്നിപോലെ
മോര്‍ച്ചറി സൂക്ഷിപ്പുകാരനിപ്പൊഴും..
കാറ്ററിയാതെ..
കൈപൊത്തി തീപ്പെട്ടിയുരച്ചു....
എത്ര വെള്ളമൊഴിച്ചീട്ടും കരിഞ്ഞുതീരുന്ന സ്വപ്നങ്ങള്‍ പോലെ,
അനിര്‍വചനീയ ചില ഏടുകള്‍ കാണുന്നു
ആശംസകള്‍.. നേരുന്നൂ.!!