Wednesday, December 24, 2008

അര്‍ബുദവാര്‍ഡ്

കരിക്കുംതോറും
പുനര്‍ജ്ജനിക്കുന്ന
കോശങ്ങളെപ്പോലെ
അര്‍ബുദവാര്‍ഡ്
ഒഴിയും തോറും
നിറയുന്നു

കിടക്കകളില്‍‍
മരണത്തെ കാത്തുകിടക്കുന്നവര്‍‍
വിധിയോട്ചോദ്യം
ചോദിച്ചു കൊണ്ടേയിരിക്കുന്നു

വേദനക്കു
കൂട്ടിരിക്കുന്നവര്‍‍
നിശബ്ദമായി പ്രാര്‍ഥിക്കുന്നു.
ദൈവമേ....
മരണത്തെക്കൊണ്ടിവരെ
അനുഗ്രഹിക്കുക.

ഒരോ റേഡിയേഷനിലും
പ്രതീക്ഷയുടെ നാമ്പു മുളപ്പിക്കുന്നവര്‍
തിരിച്ചുപോക്കിന്റെതിയ്യതി
കുറിച്ചിരിക്കുന്നു.

ജീവിതം കൈവിട്ടുപോയവര്‍‍
മരണത്തിന്റെ കണ്ണാടിനോക്കി
നിസ്സഹായരാവുന്നു

രാത്രി
കൂട്ടുവന്നവരുറങ്ങുമ്പോ
‍അര്‍ബുദ വാര്‍ഡില്‍
‍രോഗവും രോഗിയും
തനിച്ചാവുന്നു

ജീവിതവും മരണവും
കടിപിടി കൂടുന്നിടത്ത്
ആരും കേള്‍ക്കാത്ത നിലവിളികള്‍
മാത്രംബാക്കിയാവുന്നു.

Friday, September 26, 2008

പട്ടാളക്കാരന്റെ ഭാര്യ

പട്ടാളക്കാരന്റെ ഭാര്യ
അതിര്‍ത്തിയിലെ
ഓരോ വെടിവെപ്പിലും
ഒരായിരം തവണ
വെടിയേറ്റു പിടയാറുണ്ട്

വൈധവ്യത്തിന്റെ
വെളുത്തനൂലിനാല്‍ നെയ്ത
കല്ല്യാണപ്പുടവ
ഇടക്കൊക്കെയെടുത്തു
മണക്കാറുണ്ട്
മധുവിധുവിന്റെയൊരു
പൂമണത്താല്‍
ഒരുമിച്ചുള്ളോരു
വസന്തമോര്‍ത്തു
അടുത്തൊരവധിക്കാലത്തിനായുള്ളൊരു
കാത്തിരിപ്പ്

ഇടക്കുവരുന്ന
കത്തുകളില്‍
നേരില്‍ കാണനൊരു
പ്രാര്‍ഥന
ആയുര്‍ബലത്തിനായൊരു
നേര്‍ച്ച
കൈവിട്ടു പോവാത്തൊരു
മനോധൈര്യം

യുദ്ധത്തിലപഹരിക്കപ്പെട്ടവന്‍
കറുത്തയക്കങ്ങളില്‍
ചൂടപ്പമവുമ്പോള്‍
കാണാറുണ്ട് ഞാന്‍
അയലത്ത്
പൂജാമുറിയില്‍
കണ്ണീര്‍ നേദിച്ചുപ്രാര്‍ഥിക്കുന്ന
പട്ടാളക്കാരന്റെ ഭാര്യയെ.....

Wednesday, August 27, 2008

ഓര്‍മ്മയിലൊരോണം

ഓര്‍മ്മയിലെ
ഓണത്തിനു,
അലക്കിയലക്കി
മങ്ങിപ്പോയ
കുപ്പായത്തിന്റെ നിറമാണു.
അടുപ്പിലൂതിയൂതി
കറുത്തുപോയ
അമ്മയുടെ മുഖമാണു.

തുമ്പപ്പൂവും
കാക്കപ്പൂവും തീര്‍ത്ത
പൂക്കളം കാണുവാനൊരു
മഹാബലിയും വന്നില്ല.

ഉണ്ടു തീരാതെ
നാക്കില വലിച്ചെറിഞ്ഞവര്‍‍
കഞ്ഞിയില്‍ വറ്റില്ലമ്മേയെന്ന
വിലാപം കേട്ടില്ല.

ഓര്‍മ്മയിലോണത്തിനു
ഊഞ്ഞാലില്ല
പാട്ടില്ല
കൈകൊട്ടി കളിയില്ല.

ഇന്നൂണുണ്ടു
ഉടുപ്പുണ്ടു
എനിക്കോണം മാത്രമില്ല.

Wednesday, July 30, 2008

തെരുവ്‌..

പകലുറങ്ങി
രാത്രിയിലുറങ്ങാതെ
ഒഴുക്കുനിലച്ചോവുചാലുകള്‍-
ക്കിരുവശമെന്റെ തെരുവുണ്ടു.

പകലൊന്നു മങ്ങിടുമ്പോള്‍‍
ജാലകം തുറന്നെത്തും കാഴ്ചകള്‍‍
ഇരമ്പിയാര്‍ക്കുന്ന വാണിഭങ്ങള്‍.


മുല്ലപ്പൂചൂടി,മനം പുരട്ടി ചിരിച്ചു
മകുടിയൂതിയുണര്‍ത്തി
ലേലം വിളിച്ചു വിലയുറപ്പിച്ചു
ഇരുളിലേക്കൂളിയിടുന്ന
തെരുവു വേശ്യകള്‍

ആണിനൊരാണ്‍ തുണ
തേടിയെത്തുന്നവര്‍
ചമഞ്ഞൊരുങ്ങി,
കണ്ണുകളിരുവശംപായിക്കുമൊരുവന്റെ
കൈപിടിച്ചൊരുക്കിയ
കിടപ്പറയിലേക്കു നടക്കുന്നു.

കുഞ്ഞിനെ പറിച്ചെടുക്കും
കഴുകനെമറച്ചു മുലകൊടുക്കുന്നമ്മമാര്‍
ചിറകിലേക്കൊതുക്കിയുറങ്ങാതെ
നെഞ്ജിടിപ്പോടെ.

സൂചിമുനയായി
കണ്ണിലേക്കിറങ്ങുന്ന തെരുവിളക്കിനെ
പാഴ്ചാക്കിനാല്‍ മറച്ചുറങ്ങുന്നവര്‍ ‍
വെളിവാകുമിരുകാലിനെ
ആര്‍ത്തിയൊടെ നോക്കിനില്‍ക്കുന്നവര്‍

‍ഉറങ്ങുന്നവരില്‍ കള്ളനെതിരയുന്ന
രാത്രികാവല്‍ക്കാര്‍
ലാത്തികൊണ്ടു കുത്തിപിടപ്പിച്ചു
ചിരിക്കുന്നു ആഭാസമായി

വിശപ്പിനെത്താത്ത
പിച്ചനാണയത്തുട്ടുകള്‍‍
എണ്ണിയും വീണ്ടുമെണ്ണിയും
വിശപ്പിനെ തിന്നുറങ്ങുന്ന
കുഷ്ട രോഗികള്‍

വിലകുറഞ്ഞ ലഹരിക്കു
വീര്യം കുറയുമ്പോള്‍
പുലഭ്യം പറയുന്നവര്‍ ‍
വെളുക്കും വരെ

എന്റെ തെരുവിങ്ങനെയെന്നും
പുലരുന്നു കറുക്കുന്നു,
മാറ്റമില്ലാതൊരുനാളുമെങ്കിലും...
തെരുവിനോരത്തുറങ്ങും
അച്ചന്റെ വെപ്പുകാലിനരികിലായി
ചിത്രതൂവാലകള്‍ തുന്നുന്നൊരു പെണ്‍കുട്ടി..
ഇപ്പൊഴുമുറങ്ങാതെ...
ആര്‍ക്കോവേണ്ടി.........

Monday, July 7, 2008

അമ്മ

അമ്മയെ കണ്ടില്ലൊരിക്കലും
തിരക്കൊഴിഞ്ഞു..

അടുക്കളയില്‍,തൊടിയില്‍
ഉമ്മറക്കോലായില്‍‍
അച്ചന്റെ ചാരുകസേരക്കുപിറകില്‍
അമ്മയെ കണാത്തൊരിടമില്ല.

അമ്മയൂട്ടിവിരുന്നുകാരെ
വീട്ടുകാരെ.

അച്ചന്റെ ശകാരം കേട്ടു
ഉപ്പു കുറഞ്ഞതിനു
മുളകു കൂടിയതിനു
കഞ്ഞിപ്പശ മുക്കാന്‍ മറന്നതിനു...

വഴക്കു കൂടി ,ബഹളം വെച്ചു
സഹായിയായി ഞങ്ങളും..

എല്ലാം അമ്മയോടുചോദിച്ചു
അമ്മയെപ്പറ്റിയൊഴികെ

അമ്മ ശാസിച്ചു
തലയിലെണ്ണതേക്കാത്തതിനു
വെയിലില്‍ വാടിവന്നപ്പോള്‍
പനികിടക്കകളില്‍
അമ്മയുംകൂടെ പൊള്ളി പനിച്ചു.
നുള്ളിപെറുക്കിഅമ്മകൂട്ടിയ
നാണയതുട്ടുകള്‍
ഉത്സവകാഴ്ചയായി

അമ്മയ്ക്കു സ്വന്തമായി
കരിഞ്ഞ കൈതപ്പൂ മണമ്മുള്ളൊരു
തുരുമ്പിച്ച തകരപ്പെട്ടി
നിറം മങ്ങിപ്പോയൊരു
പഴയ സാരി
......................
........................
.........................
.............
ഇന്നലെയായിരുന്നു
അമ്മമരിച്ചതു.

Saturday, June 21, 2008

ചോദ്യം

വൈകിവരുന്നവനു
പിന്നാമ്പുറത്തൊരുവാതില്‍
തുറന്നുറങ്ങാതിരിക്കുന്നൊരമ്മ.

ഒച്ചയനക്കങ്ങളമര്‍ത്തിനടക്കുമ്പോള്‍
കണ്ണടച്ചുറങ്ങാതെ
വാതിലടയുന്നതും
കാത്തിരിക്കുന്നൊരച്ചന്‍

പുസ്തകത്തില്‍ കണ്ണുനട്ടവനു
കാല്‍ വെള്ളവെള്ളത്തിലാഴ്ത്തി
ഉറങ്ങാതെ കൂട്ടിരിക്കുന്നൊരു പെങ്ങള്‍.

ഉരുളി,കോളാമ്പി,ചിറ്റ്‌,താലിമാല
വല്ല്യയാളായിക്കാണുവാന്‍

പണയപ്പെടുത്തിയും വിറ്റും

പിന്നെയെവിടയാണു
ശ്രുതി താളങ്ങള്‍ പിഴച്ചത്‌
ഉത്തരത്തിലിങ്ങനെ തൂങ്ങിയാടാന്‍ ?

Saturday, June 14, 2008

അല്‍ഷിമേഴസ്‌

ഓര്‍മ്മകള്‍ക്കാണു മറവി
അസമയത്തു മുഖം കാണിച്ചു
സമയത്തു വരാന്‍ മടിച്ചു
ഓര്‍മ്മപെടുത്തരുതു
ഇനിയുമോര്‍മ്മിക്കാന്‍.

അച്ചനെ എണ്ണം പഠിപ്പിക്കാന്‍‍
അക്ഷരം ചൊല്ലിക്കാന്‍‍
തിടുക്കം കൂട്ടുന്ന മക്കള്‍.
മാറിനിന്നു ചിരിക്കാം നിങ്ങള്‍ക്കു
മറവിയില്‍ മനം പിടഞ്ഞുകരയാനുമാവാതെ....
ഇല്ല ഇനി തുടര്‍ച്ചയില്ല
മറന്നവ ഇടര്‍ച്ചയാവുന്നു

കയ്യൊപ്പു വേണ്ട
വിരലടയാളം മതിയെന്നു
പോസ്റ്റുമാന്‍....
വരിചേര്‍ന്നു
വിടപറഞ്ഞിറങ്ങുന്നതുഓര്‍മ്മകളല്ല...
ഞാന്‍ തന്നെ.
നടന്നു തീര്‍ത്തതും പറഞ്ഞതും
പറഞ്ഞുതീരാതെയും....
കരഞ്ഞു പോവുന്നു.
വാക്കുകള്‍ക്കൊപ്പം ഞാനും.

കണ്ണുനനച്ചുപിറകിലേക്കൊതുങ്ങി
എന്തിനിങ്ങനെഒന്നും പറയാതെ
ഇലപൊഴിഞ്ഞു വീഴുമൊരുമരത്തിനു
മൂകസാക്ഷിയായി നീ.........

Thursday, June 5, 2008

കാണാതാവുന്ന പെണ്‍കുട്ടികള്‍

സരള,ശാരദ,സൈനബ
അവസാനം കാണ്മാനില്ലാത്തതു
ഇവരാണത്രെ.

വെളുപ്പിനിറങ്ങിയവള്‍,
ഉച്ചക്കു തയ്യലിനു പോയവള്‍
വൈകീട്ടു ചന്തക്കു പോയവള്‍
ഇറങ്ങിയ സമയമിങ്ങനെ
തരം തിരിച്ചിട്ടും
ആരും തിരിച്ചെത്തിയിട്ടില്ല.

ഡ്രൈവറാണത്രെ കാമുകന്‍,
പാറപ്പണിക്കാരന്‍ തമിഴന്‍
നോക്കിച്ചിരിച്ചത്രെ..
കുപ്പിവളക്കാരനോടു
കിന്നാരം പറഞ്ഞത്രെ...

കേസുപുസ്തകം മറിച്ചിട്ടും
വീണ്ടും പേരു ചേര്‍ത്തും
ഏമാന്മാര്‍ കേസിനൊരു
തുമ്പുതപ്പി,ഒടുക്കം പറഞ്ഞൂ..

വിറ്റുപോയിട്ടുണ്ടാവും ചന്തകളില്‍
തീരത്തു വീര്‍ത്തടിഞ്ഞീട്ടുണ്ടാവും
തിരിച്ചറിയാതെ....

വിതുമ്പിക്കരഞ്ഞൂ അമ്മമാര്‍
പെറ്റവര്‍ക്കറിയാം നൊമ്പരം
പെണ്ണൊരുത്തി
പടിയിറങ്ങിപ്പോയതിന്റെ..

ഷൈലജ,നഫീസ,....
കാണാതയതല്ല
കണ്ടവരെയാണത്രെ
കാണാതായതു.


എന്റെ ഈ കവിതക്കു പവിത്രന്‍ തീക്കുനിയുടെ വാണിഭം എന്ന കവിതയുമായി സാമ്യതകാണുന്നുണ്ടു.കാണിച്ചു തന്ന അനോണി ക്കും ഷംസിനും നന്ദി.
ഇനി ഈ പോസ്റ്റ് ഒഴിവാക്കണമോയെന്നു വായനക്കാര്‍ക്കു തീരുമാനിക്കവുന്നതാണു.
പവിത്രന്‍ തീക്കുനിയുടെ കവിത യുടെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

http://indulekha.com/malayalambooks/2006/10/theekkunikkavithakal

Sunday, March 9, 2008

ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌

വെളുപ്പുപടര്‍ന്ന
ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ഫോട്ടോകളില്‍
‍അവനുണ്ട്‌..
പട്ടം പറത്തി
മിഠായിതിന്നു
കുട്ടിയുടുപ്പിട്ടു
പൊടിമീശവെച്ചു...

അച്ചനുണ്ട്‌
അമ്മയുണ്ട്‌
അവനെയെടുത്ത്‌
ചേര്‍ന്നുനിന്നുപൊട്ടിച്ചിരിച്ചു...

വീടുണ്ട്‌
പഴയവഴിയുണ്ട്‌
പൂവാലിപ്പശുവുണ്ട്‌
പാടമുണ്ട്‌ തെയ്യമുണ്ട്‌
ഓണപ്പൊട്ടനുണ്ട്‌....

കളറിലിപ്പോഴൊരു
ഇലക്‌ട്രിക്ക്‌ ചിതയുണ്ട്‌ .

Monday, February 11, 2008

വാലന്റൈന്‍ കവിതകള്‍

പ്രണയമെന്നു പേരിട്ടൊരു
പൂവുതരാം
മൊബെയിലിലെക്കൊരു
സന്ദേശമയക്കാം
ഉപഹാരമായി നിന്റെ
പ്രിയചാനലിലൊരു
പാട്ടു സമര്‍പ്പിക്കാം
സ്പോണ്‍സറെ കിട്ടുമെങ്കില്‍‍
ഒരു മരണകുറിപ്പെഴുതി
നിനക്കായൊന്നു പൊലിഞ്ഞിടാം.

* * * * * * * * * * * * * * * * * *
നിന്റെ സ്വരത്തെ
മുഖത്തെ
ഹൃദയത്തുടിപ്പുകളെ
എന്നേക്കാളേറെയറിയാം
എന്റെ സെല്‍ഫോണിനു
ഞാന്‍ മറന്നാലും
നിനക്കായൊരു
സന്ദേശമതുമറക്കില്ല.

*********************
പ്രണയദിനത്തില്‍
നമുക്കൊന്നു പ്രണയിക്കാം
പ്രണയിച്ചു പിരിഞ്ഞിടാം
പിരിഞ്ഞിട്ടു പാടിടാം
പ്രണയഗാനം.


Sunday, February 10, 2008

‍ചൂത്‌

കള്ളകരുക്കളെ കൊണ്ടു
തന്നെ നീ കളിക്കുക
നിന്റെ രാജധാനിയില്‍
ഇനിയും ഞാന്‍ വരും
തോല്‍ക്കുവാന്‍
തോറ്റുകൊണ്ടേയിരിക്കാന്‍
‍തവണകളെത്ര തന്നിട്ടും
നിനക്കു തരാനുള്ളത്രയും ബാക്കി
ശിഷ്ടം നഷ്ടമാവുന്ന കണക്കു പുസ്തകങ്ങളില്‍
‍ഗുണിച്ചും ഹരിച്ചും വെറുതെ.

കവിതയും ഞാനും
വഴി പിരിയുന്നിടം
നീ എനിക്കായി
ഒരു പേനതരണം
വെട്ടിയും തിരുത്തിയും
നിന്റേതു മാത്രമാവാനൊരുകവിത തരാനല്ല
വെറുമൊരു ഫുള്‍സ്റ്റോപ്പിടാന്‍

Saturday, February 9, 2008

ഓള്‍ഡ് CAREHOME

അഛനുമമ്മയ്ക്കും
ഞാനൊരഡ്മിഷനെടുത്തിട്ടുണ്ടു
കോഴയും ശുപാര്‍ശയുമായി
ലക്ഷമൊന്നര കൊടുത്തുവെങ്കിലും
സൗകര്യങ്ങളിത്രയാരു തരുവാന്‍..?
നീന്തല്‍ മറക്കാതിരിക്കനൊരു സ്വിമ്മിംങ്ങ്പൂള്‍.
ഇടക്കൊന്നുലാത്താന്‍ പൂന്തോട്ടമുണ്ടു
വെജും നോണ്‍ വെജ്ജും ഭുജിച്ചിടാം മാറിമാറി
ഭോജനശാലയുണ്ടു നല്ലൊരണ്ണമവിടെ.
അഛനിടക്കൊന്നു വേണമെങ്കില്‍
മിനുങ്ങിടാം ,കളിച്ചിടാം
ക്ലബ്ബുകളുണ്ടെ രണ്ടെണ്ണം

ഇറങ്ങിടാം...
നല്ലൊരു നേരം നോക്കി കാലത്തു,
മറക്കെരുതെടുക്കാന്‍
ഓര്‍മ്മകള്‍ പൂട്ടിവെച്ച പെട്ടിയും
മഞ്ജാടിമണികളും
കൊച്ചുമോന്റെ കൊഞ്ജലുകള്‍
കേള്‍ക്കുവാനുള്ള വാക്മാനും
കാച്ചിയെണ്ണ ,കസവുമുണ്ട്‌
ഭാഗവതം ,രാമായണമൊക്കെയും
ബാഗിലുണ്ടു ഭദ്രമായി.
കൂട്ടുകൂടാനുണ്ടവിടെയൊത്തിരിപ്പേര്‍
എഴുപതു കഴിഞ്ഞവര്‍ .

സന്തോഷിക്ക
അച്ച്നനുമമ്മയും
മകനിവനിത്രയെങ്കിലും......?

Thursday, February 7, 2008

വിപ്ലവം(ADB)

വ്യഭിചരിക്കപ്പെട്ട
വിപ്ലവമേ...
കരഞ്ഞിട്ടു കാര്യമില്ല
കൂട്ടികൊടുത്തതും അവര്‍തന്നെ
ചോരചുമച്ചു തുപ്പിയനെഞ്ജിന്‍ കൂടകം
പടുത്തുയര്‍ത്തിയ കനകസിംഹാസനത്തില്‍
‍തഴമ്പു പൊട്ടും വരെ ഇരിക്കട്ടെ
ഇരുന്നവര്‍ ചിരിക്കട്ടെ
നാലുസെന്റീമീറ്റര്‍ നീളത്തിലൊരു ചിരി.