Saturday, June 21, 2008

ചോദ്യം

വൈകിവരുന്നവനു
പിന്നാമ്പുറത്തൊരുവാതില്‍
തുറന്നുറങ്ങാതിരിക്കുന്നൊരമ്മ.

ഒച്ചയനക്കങ്ങളമര്‍ത്തിനടക്കുമ്പോള്‍
കണ്ണടച്ചുറങ്ങാതെ
വാതിലടയുന്നതും
കാത്തിരിക്കുന്നൊരച്ചന്‍

പുസ്തകത്തില്‍ കണ്ണുനട്ടവനു
കാല്‍ വെള്ളവെള്ളത്തിലാഴ്ത്തി
ഉറങ്ങാതെ കൂട്ടിരിക്കുന്നൊരു പെങ്ങള്‍.

ഉരുളി,കോളാമ്പി,ചിറ്റ്‌,താലിമാല
വല്ല്യയാളായിക്കാണുവാന്‍

പണയപ്പെടുത്തിയും വിറ്റും

പിന്നെയെവിടയാണു
ശ്രുതി താളങ്ങള്‍ പിഴച്ചത്‌
ഉത്തരത്തിലിങ്ങനെ തൂങ്ങിയാടാന്‍ ?

Saturday, June 14, 2008

അല്‍ഷിമേഴസ്‌

ഓര്‍മ്മകള്‍ക്കാണു മറവി
അസമയത്തു മുഖം കാണിച്ചു
സമയത്തു വരാന്‍ മടിച്ചു
ഓര്‍മ്മപെടുത്തരുതു
ഇനിയുമോര്‍മ്മിക്കാന്‍.

അച്ചനെ എണ്ണം പഠിപ്പിക്കാന്‍‍
അക്ഷരം ചൊല്ലിക്കാന്‍‍
തിടുക്കം കൂട്ടുന്ന മക്കള്‍.
മാറിനിന്നു ചിരിക്കാം നിങ്ങള്‍ക്കു
മറവിയില്‍ മനം പിടഞ്ഞുകരയാനുമാവാതെ....
ഇല്ല ഇനി തുടര്‍ച്ചയില്ല
മറന്നവ ഇടര്‍ച്ചയാവുന്നു

കയ്യൊപ്പു വേണ്ട
വിരലടയാളം മതിയെന്നു
പോസ്റ്റുമാന്‍....
വരിചേര്‍ന്നു
വിടപറഞ്ഞിറങ്ങുന്നതുഓര്‍മ്മകളല്ല...
ഞാന്‍ തന്നെ.
നടന്നു തീര്‍ത്തതും പറഞ്ഞതും
പറഞ്ഞുതീരാതെയും....
കരഞ്ഞു പോവുന്നു.
വാക്കുകള്‍ക്കൊപ്പം ഞാനും.

കണ്ണുനനച്ചുപിറകിലേക്കൊതുങ്ങി
എന്തിനിങ്ങനെഒന്നും പറയാതെ
ഇലപൊഴിഞ്ഞു വീഴുമൊരുമരത്തിനു
മൂകസാക്ഷിയായി നീ.........

Thursday, June 5, 2008

കാണാതാവുന്ന പെണ്‍കുട്ടികള്‍

സരള,ശാരദ,സൈനബ
അവസാനം കാണ്മാനില്ലാത്തതു
ഇവരാണത്രെ.

വെളുപ്പിനിറങ്ങിയവള്‍,
ഉച്ചക്കു തയ്യലിനു പോയവള്‍
വൈകീട്ടു ചന്തക്കു പോയവള്‍
ഇറങ്ങിയ സമയമിങ്ങനെ
തരം തിരിച്ചിട്ടും
ആരും തിരിച്ചെത്തിയിട്ടില്ല.

ഡ്രൈവറാണത്രെ കാമുകന്‍,
പാറപ്പണിക്കാരന്‍ തമിഴന്‍
നോക്കിച്ചിരിച്ചത്രെ..
കുപ്പിവളക്കാരനോടു
കിന്നാരം പറഞ്ഞത്രെ...

കേസുപുസ്തകം മറിച്ചിട്ടും
വീണ്ടും പേരു ചേര്‍ത്തും
ഏമാന്മാര്‍ കേസിനൊരു
തുമ്പുതപ്പി,ഒടുക്കം പറഞ്ഞൂ..

വിറ്റുപോയിട്ടുണ്ടാവും ചന്തകളില്‍
തീരത്തു വീര്‍ത്തടിഞ്ഞീട്ടുണ്ടാവും
തിരിച്ചറിയാതെ....

വിതുമ്പിക്കരഞ്ഞൂ അമ്മമാര്‍
പെറ്റവര്‍ക്കറിയാം നൊമ്പരം
പെണ്ണൊരുത്തി
പടിയിറങ്ങിപ്പോയതിന്റെ..

ഷൈലജ,നഫീസ,....
കാണാതയതല്ല
കണ്ടവരെയാണത്രെ
കാണാതായതു.


എന്റെ ഈ കവിതക്കു പവിത്രന്‍ തീക്കുനിയുടെ വാണിഭം എന്ന കവിതയുമായി സാമ്യതകാണുന്നുണ്ടു.കാണിച്ചു തന്ന അനോണി ക്കും ഷംസിനും നന്ദി.
ഇനി ഈ പോസ്റ്റ് ഒഴിവാക്കണമോയെന്നു വായനക്കാര്‍ക്കു തീരുമാനിക്കവുന്നതാണു.
പവിത്രന്‍ തീക്കുനിയുടെ കവിത യുടെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

http://indulekha.com/malayalambooks/2006/10/theekkunikkavithakal