Wednesday, August 27, 2008

ഓര്‍മ്മയിലൊരോണം

ഓര്‍മ്മയിലെ
ഓണത്തിനു,
അലക്കിയലക്കി
മങ്ങിപ്പോയ
കുപ്പായത്തിന്റെ നിറമാണു.
അടുപ്പിലൂതിയൂതി
കറുത്തുപോയ
അമ്മയുടെ മുഖമാണു.

തുമ്പപ്പൂവും
കാക്കപ്പൂവും തീര്‍ത്ത
പൂക്കളം കാണുവാനൊരു
മഹാബലിയും വന്നില്ല.

ഉണ്ടു തീരാതെ
നാക്കില വലിച്ചെറിഞ്ഞവര്‍‍
കഞ്ഞിയില്‍ വറ്റില്ലമ്മേയെന്ന
വിലാപം കേട്ടില്ല.

ഓര്‍മ്മയിലോണത്തിനു
ഊഞ്ഞാലില്ല
പാട്ടില്ല
കൈകൊട്ടി കളിയില്ല.

ഇന്നൂണുണ്ടു
ഉടുപ്പുണ്ടു
എനിക്കോണം മാത്രമില്ല.

12 comments:

ഹാരിസ്‌ എടവന said...

എന്റെ സുഹ്രുത്തു കവിതാ കമ്മ്യുണിറ്റിയില്‍
എഴുതിയ കവിതക്കു മറുകുറിപ്പായെഴുതിയതാണു.
എന്തുകൊണ്ടോ അവിടെ മറുകുറിപ്പായി പബ്ലിഷ് ചെയ്യുവാന്‍ തോന്നിയില്ല.
പിന്നെ ബൂലോക കവിതയിലും ഇവിടെയും പോസ്റ്റാമെന്നു വെച്ചു.

ഉണ്ടു തീരാതെ
നാക്കില വലിച്ചെറിഞ്ഞവര്‍
‍കഞ്ഞിയില്‍ വറ്റില്ലമ്മേയെന്ന
വിലാപം കേട്ടില്ല.

നജൂസ്‌ said...

കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ്‌ വരും
അപ്പോള്‍ ആരെന്നുമെന്തെന്നുമാര്‍ക്കറിയാം....

ഓണമെന്ന്‌ കേള്‍ക്കുമ്പോള്‍ കക്കാടിന്റെ ഈ വരികളാണ് ഓര്‍മ്മ വരിക.

ഞാനും നീയും നമ്മളും ഓണവുമുണ്ട്‌.
ഇടയിലെവിടെയോ കോര്‍ത്തിടേണ്ട കണ്ണികള്‍ നഷ്ടമായിരിക്കുന്നു ഹാരിസ്‌...

പാമരന്‍ said...

ഇന്നൂണുണ്ടു
ഉടുപ്പുണ്ടു
ഓണം മാത്രമില്ല..!!

ശ്രീ said...

“ഉണ്ടു തീരാതെ
നാക്കില വലിച്ചെറിഞ്ഞവര്‍‍
കഞ്ഞിയില്‍ വറ്റില്ലമ്മേയെന്ന
വിലാപം കേട്ടില്ല”

നല്ല വരികള്‍, ഹാരിസ്.
:)

Kichu $ Chinnu | കിച്ചു $ ചിന്നു said...

നല്ല വരികള്‍ ഹാരിസ്സ്..
ലളിതമായ വാക്കുകളിലൂടെ നല്ലൊരാശയം ...
ആശംസകള്‍

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

Sarija N S said...

നിറം മങ്ങിയ ഓണക്കാലങ്ങളെ ഓര്‍മ്മിപ്പിച്ച കുറിപ്പ്

PIN said...

അതെ, നമുക്ക്‌ ഓണം നഷ്ടമായിക്കൊണ്ടിരിക്കുന്നു.
അർത്ഥമില്ലാത്ത ഒരാഘോഷം മാത്രമായി അതുമാറിയിരിക്കുന്നു.
നാലു നേരം മൂക്കറ്റം ഉണ്ണുന്നവന്‌ അതിന്റെ വിലയും അറിയില്ല...

ഒരു ആത്മ സംതൃപ്തിക്കായ്........ said...

കൂട്ടുകാരേ എല്ലാവര്‍ക്കും ഓണാശംസകള്‍

ഫസല്‍ / fazal said...

ഹാരിസേ നല്ല വരികള്‍
ആശംസകളില്ല, പ്രാര്‍ത്ഥിക്കാം.

girishvarma balussery... said...

ഓണത്ത്തിന്റെയും, ഇല്ലായ്മയുടെയും ഉല്‍സവം ആയിരുന്നു ആ ദിനങ്ങള്‍.. എല്ലാം അതിജീവിച്ചു കടന്നുപോന്നവരെ ഓര്‍ക്കുമ്പോള്‍ .... എന്താ പറയ്യാ... ഇലയില്‍ ചോറ് കുറഞ്ഞതിനു അടിയിട്ടവരെ ഓര്‍ക്കുന്നു ഞാന്‍...

Sapna Anu B.George said...

അടുപ്പിലൂതിയൂതി
കറുത്തുപോയ
അമ്മയുടെ മുഖമാണു.............
ഇത്ര സ്നേഹം നിറഞ്ഞ ഒരു കവിത അറുത്തിടക്കൊന്നും വായിച്ചിട്ടില്ല.ഒരു താമസിച്ചതെങ്കിലും, ഓണാശംസകള്‍.