Sunday, November 1, 2009

വിപ്ലവത്തിന്റെ വഴികളില്‍

പത്തു വര്‍ഷം മുന്‍പേ കോളേജ് മാഗസിനില്‍ എഴുതിയ കവിതയാണു.
നഷ്ട്ടപ്പെട്ടുപോയെന്നു വിചാരിച്ചതാണു.പക്ഷെ സുഹ്രുത്ത് ഉഷസ്സ് മാഗസില്‍ സൂക്ഷിച്ചുവെച്ചിരുന്നു.
ഇ മെയിലില്‍ സ്കാന്‍ ചെയ്തു അയച്ചു തന്നു

Sunday, October 18, 2009

ലവ് ജിഹാദ്

നാവുകുഴക്കുന്ന
അറബിപ്പേരും
താടിയും നിസ്ക്കാരതയമ്പും
എത്രവട്ടം നിന്നെ
തോക്കുകള്‍ക്കൊറ്റികൊടുത്തു.

തെരുവോരങ്ങളില്‍
ചത്തുമലച്ചിട്ടും
തീവ്രവാദിയെന്ന പേരു
വിളിച്ചു വിളിച്ചു പേരാവുമ്പോഴും
നിര്‍ത്താറയാലില്ലെ
നിന്റെ‘ഹറാമ്പറപ്പ്

ഒരു പശുവിനെപ്പോലും
സ്നേഹിക്കാനറിയാത്ത ഹമുക്കേ
എന്തിനാ നീ വേലിചാടുന്ന
മുഹബ്ബത്ത് കിനാവു കാണുന്നത്

Sunday, October 4, 2009

അറിയാത്തവന്‍ ( ജ്യോനവന്‍ നിനക്കായി)

MSL

മരണമെഴുതി
വെന്റിലേറ്ററിനകത്തേക്കു
ടാക്സിപിടിച്ചു പോയവനേ
കണ്ടിരുന്നുവോ നീ
പൂപോലെ നിന്റെ മേല്‍
‍പൊഴിഞ്ഞു വീഴുന്നപ്രാര്‍ത്ഥനകളെ.......

ആള്‍ക്കൂട്ടങ്ങളില്‍
ബഹളങ്ങളില്‍
അപരിചിതരായവര്‍
‍നമ്മളിരുവരും
പേരു പോലും ചോദിച്ചില്ലയെന്നിട്ടും
എന്റെയേതുവേനലിലാണു നീ
ഒറ്റമഴത്തുള്ളിയായിറ്റിവീണതു
പരിചിതമായിരുന്നെങ്കില്‍
ഒരുകുടക്കീഴില്‍
‍നിന്നൊപ്പമൊരു മഴക്കാലമത്രയും
നടന്നേനെ ഞാന്‍.
മരണത്തിന്റെ ഒറ്റവരിപാതയിലൂടെ
സവാരിപോയവനേ
വരികളെയെന്തിനുമറന്നുവെച്ചു
എനിക്കിടക്കിടെ വായിച്ചുകരയുവാനോ?

Wednesday, September 30, 2009

ഉമ്മ സ്വപ്നം

പകല്‍ തിരക്കുകളില്‍
ഉമ്മ വരാറില്ല
കാത്തിരിക്കുന്നുവെന്നോര്‍മ്മപ്പെടുത്താന്‍
ജീവിതം പാതിപകുത്തെടുത്തവള്‍
‍മിസ്സ് കോളുകളടിക്കുംനേരവും
ഉമ്മയോടു മിണ്ടിയിട്ടെത്ര
കാലമായെന്നോര്‍ക്കാറില്ല.

വാക്കിനെ മെരുക്കി
കവിതയാക്കിയൊന്നടുക്കിവെക്കുവാന്‍
‍രാവിലുറങ്ങതിരിക്കുമ്പോഴും
ഉമ്മമാത്രമൊരു വരിയായെത്തുന്നില്ല

എന്നാലുംപനിച്ചും ചുമച്ചും
ദുസ്വപ്നങ്ങളില്‍ ‍ഒറ്റക്കുറങ്ങുമ്പോള്‍
‍നിറുകയില്‍ ചുംബിച്ചുറാങ്ങാതെ
നീറുന്നൊരുമ്മ സ്വപ്നം
കാതുനോവിക്കാതെപ്രാര്‍ത്ഥിക്കാറുണ്ട്
ദെണ്ണം മാറുംവരെയും
കണ്ണടയാതെ കൂട്ടിരിക്കാറുണ്ട്

Thursday, August 13, 2009

സ്വാതന്ത്ര്യം


പതാകയുയരുമ്പോള്‍‍

പായസത്തിനുള്ളകാത്തിരിപ്പു,

എട്ടണയുടെകടലാസു കൊടി

പിഞ്ഞിപ്പോയകീശപ്പുറത്തു

ആരും കാണാതെ,


അമ്മയ്ക്കു

ചോറ്റുപാത്രത്തിലൊളിപ്പിച്ചമധുരം

സ്വാതന്ത്ര്യത്തിനുഅച്ഛന്‍

ചോരവാര്‍ന്നൊടുങ്ങിയപ്പോള്‍‍

സ്കൂളിലിലൊരോമനപ്പേര്

‍ചോരപാത്തി


വിശപ്പടക്കാന്‍‍

വിറ്റുതീര്‍ന്നുപോയ പെങ്ങള്‍

സ്വാതന്ത്ര്യം ചോദിച്ചപ്പോള്‍

വയറ്റില്‍അധികാരത്തിന്റെ

ബയണറ്റ്കുത്തിതന്ന ചാപ്പ

അഴികള്‍ക്കു പിന്നിലൊതുങ്ങിപ്പോയരോഷം

എന്നാലുംനാളെ ഞാനും പാടും

പോരാ പോരാ നാളില്‍ നാളില്‍....
സ്വാതന്ത്ര്യദിനാശംസകള്‍

Wednesday, March 25, 2009

മാഷ്

വെളുക്കെച്ചിരിച്ചു
വിശേഷം ചോദിച്ചു
കാലന്‍ കുടചൂടി
ഇസ്തിരിയിട്ട നടത്തവുമായി
നാട്ടുകാരുടെ മാഷ്

ശരിയുത്തരത്തിനുമിഠായി
തെറ്റിയാല്‍ ചെവിയില്‍
‍നോവാതെ നുള്ളി
കഥയിലെ ആമയും മുയലുമായി
കുട്ട്യോള്‍ടെ മാഷ്

എഴുതിയും
വായിച്ചും
ഉപദേശിച്ഛും
അടുക്കളത്തോട്ടത്തില്‍
‍തൊഴുത്തില്‍
വീട്ടുകാരുടെ മാഷ്

സ്കൂളും കുട്ട്യോളും
കണ്ണടയും കരയുമ്പോള്‍
‍പെന്‍ഷന്‍ മാഷായി
മാഷ് വെളുക്കെച്ചിരിച്ചു

Friday, February 13, 2009

ഭ്രാന്ത്,ഭ്രാന്താശുപത്രി

കാണുന്നവര്‍
‍നോക്കുന്നവരൊക്കെയും
ഭ്രാന്തന്‍മാരാകുന്നിടം
ഭ്രാന്താശുപത്രി

ചങ്ങലയോട് കയര്‍ത്ത്
കാലുവ്രണപ്പെട്ടവര്‍
വ്രണിതമന്‍സ്സിലേക്കാര്‍ക്കുന്ന
ഈച്ചയെ ആട്ടിത്തെളിക്കുന്നു

ജീവിതം താഴേക്കുരുട്ടി
ആര്‍ത്തട്ടഹസിക്കുന്നവര്‍,
കരയുന്നവര്‍,
ചിരിക്കുന്നവര്‍
ഏതുപാട്ടിനാണീണം
തെറ്റിയന്നറിയാതവര്‍
‍പാടുന്നുണ്ട്,
പ്രണയഗാനം,
വിപ്ലവഗീതം,
താരാട്ടുപാട്ട്.

ആര്‍ക്കും തല്ലിച്ചതക്കാമവരെ
എറിഞ്ഞോടിക്കാം
ഭ്രാന്തന്റെ
പക്ഷത്തുനിന്നാരുംവരില്ല
ന്യായവാദങ്ങളായി

ശല്യമേറുമ്പോള്‍
‍കെണിവെച്ചുപിടിച്ചെലിയെപ്പോലെ
കറന്റടിപ്പിച്ചു കൊല്ലാം
അക്രമാസക്തരാണവര്‍
‍ചിത്തഭ്രമക്കാര്‍

‍സന്ദര്‍ശകര്‍ വരാറില്ല
കത്തയക്കാറില്ല
കുശലാന്വേഷണമില്ല

നാറും മുമ്പേ
എടുത്തു മാറ്റുവാന്‍
ഇടക്കു വരാറുണ്ടത്രെ
പഴയൊരാംബുലന്‍സ്.