Wednesday, October 6, 2010

തറവാട്

താവഴികൾ
വിലയിലൊക്കാത്തതു കൊണ്ട്
ഇലമുഴുവൻ കൊഴിഞ്ഞുപോയ മരം പോലെ
തറവാടിങ്ങനെ
ഒരേയൊരു നിൽ‌പ്പ്.


ഉമ്മറക്കോലായുംകോളാമ്പിയും
തുണികീറിയ ചാരുകസേരയും
വല്ല്യുപ്പയെയുംവല്ല്യുമ്മയെയും
മിസ് ചെയ്യുന്നെന്നു പറയുന്നു

നങ്ങ്യാർവട്ടം വിരിഞ്ഞ നടവഴിയിൽ
ബീഡിവലിച്ചൂതുന്ന മാമ
അലക്കുകല്ലിനെ അലക്കിവെളുപ്പിക്കുന്ന
താത്ത,
കിണറ്റിന്റെ ആഴങ്ങളെ
ബക്കറ്റിൽ നിറക്കുന്ന അമ്മായി
നൊസ്റ്റാൾജിയയുടെ എസ് എം എസ്
കഴിഞ്ഞകാലങ്ങളിൽ നിന്നാരോഅയക്കുന്നതുപോലെ...

ഉമ്മ തൊടാത്ത പാത്രങ്ങളില്ലെന്നു
വീമ്പുപറയുന്നഅടുക്കള
വാപ്പച്ചിയുടെ മണം
സിംഗപ്പൂരിന്റേതാണെന്നു പറയുന്നകോവണി........

വിറകു വിലക്കു വെട്ടിമാറ്റിയ
പൂമരമേ
പൂത്തുചുവന്നപ്രണയം
തുടയിലെത്ര ചുവന്നവര
വരച്ചെന്നോർക്കുന്നുണ്ടോ?

എത്രപേരുകളിലേക്കവകാശം
മാറ്റിയെഴുതിയാലും
വായിച്ചെടുക്കാനാവാത്ത
ചിതലുതിന്നൊരടിയാധാരം പോലെകിടക്കുന്നുണ്ട്
നിന്നോടുള്ള പ്രണയമത്രയും.


ബൂലോക കവിതയിൽ പ്രസിദ്ധീകരിച്ചത്

പെങ്ങൾ

മൊഞ്ചില്ലാത്തവള്‍
‍പെണ്ണായി പിറക്കരുതെന്നു
കാണാന്‍ വന്നവരൊക്കെ
പെങ്ങളെ ഓര്‍മ്മിപ്പിച്ചു

പുകയേറ്റു
മച്ചിലെ തേങ്ങപോലെ
ഉണങ്ങിപ്പോയ ഉമ്മ
അടുത്ത വിലപറച്ചിലുകാരന്
പലഹാരമുണ്ടാക്കാനേതു കടയില്‍
‍കടം പറയുമെന്ന ആധിയിലാണു
ഉപ്പ ചുമച്ചു തുപ്പുന്ന
കഫത്തിലെ ചുവപ്പില്‍
‍ചോര്‍ന്നൊലിക്കുന്നൊരു ഖല്‍ബുണ്ട്

അഴകും പൊന്നും
പണവും വേണ്ടാത്തിടത്തേക്കു
പെങ്ങള്‍ മണവാട്ടിയായി
പോയപ്പോഴാണു
ഉപ്പയൊരു സ്വകാര്യംപറഞ്ഞതു
‘ഓളെ ഖബറുംപുറത്തെങ്കിലും
ഒരു മൈലാഞ്ചിച്ചെടിനടണം


ബൂലോക കവിതയിൽ പ്രസിദ്ധീകരിച്ചത് 29/11/2009

പ്രവാസം

ഋതുക്കൾ മറന്നുപോയ
താഴ്വാരങ്ങളിലാണു
ഓരോ പ്രവാസിയുടെ വീടും
പൂക്കളില്ലാത്ത ഉദ്യാനങ്ങളിൽ
അവരുടെ മക്കൾ
പറന്നു നടക്കുന്നുണ്ടാവും

പാവടക്കു നീളം വെക്കുന്നതു
മാത്രമറിയുന്നവർ
ഷോപ്പിംങ്ങ് മാളുകളിൽ
പുത്തനുടുപ്പുകൾ
തിരഞ്ഞു നടക്കുന്നു

ഓരോവിളിയിലും
പ്രണയം പ്രാർത്ഥിക്കുമ്പോലെ
പറയും
ജീവിതത്തെ കൂട്ടി തിരികേ വരാൻ,

കണക്കിൽ പിഴച്ചവർ
ഇന്നലകളെ പഴിച്ച്
ശലഭങ്ങളെ സ്വപ്നം കണ്ടുറങ്ങും

നിറങ്ങളൊക്കെ കറുത്തുപോകുമ്പോൾ
ശലഭങ്ങൾ പറന്നുപോകുമ്പോൾ
വീടകങ്ങളിലേക്കു തിരിച്ചെത്തുന്നു

എണ്ണയില്ലാതെ കത്തിതീർന്നൊരു
വിളക്കുപോലെ
ഇരുട്ടുപുതച്ചുറങ്ങിപ്പോയ
ജീവിതം
അവരോഹണക്രമത്തിലെണ്ണിത്തീർന്നുപോയ
സംഖ്യയല്ലേ
പ്രണയമെന്നു ചോദിക്കും


ബൂലോക കവിത ഓണപതിപ്പിൽ(2010) പ്രസിദ്ധീകരിച്ചത്