Sunday, December 11, 2011

ഡിസംബർ 8 ലൈഫ് സ്റ്റാറ്റസ്

staus on dec8 fb


‎8എട്ട് വർഷത്തെ എന്റെ ന്യൂസ് പേപ്പർ ജീവിത ഇന്നത്തോടെ അവസാനിച്ചു.നാട്ടിലും ഗൾഫിലുമായി മൂന്നുഭാഷകളിലുള്ള പത്രങ്ങൾക്കു സാങ്കേതിക സഹായം..
ശരിക്കും ആസ്വദിച്ചിട്ടുണ്ട്.ഇടക്ക് നിരാശപ്പെട്ടു,ആഹ്ലാദഭരിതനും നിശബദനുമായി.ഇറങ്ങി വരുമ്പോൾ വലിയൊരു ജീവിതം തീർന്നുപോയപോലെ തോന്നി. വാർത്തകളുടെയും
ഗോസിപ്പിന്റെയും വിവരങ്ങളുടെയുമൊക്കെ ഒരു കാലത്തെ വർണ്ണാഭമായതും അല്ലാത്തതുമായ അക്ഷരങ്ങളിൽ ഞാനുമുണ്ടായിരുന്നു.എഡിറ്റോറിയൽ​ ഡെസ്ക്കുകൾക്കും റിപ്പോർട്ടർമാർക്കുമപ്പുറം പത്രവ്യവസായത്തെ താങ്ങി നിർത്തുന്ന നിശ്ബദരായ ജോലിക്കാരിൽ ഒരുവനായി.നഷ്ട്ടങ്ങളിൽ ഏറ്റവും വലുത് വൈകുന്നേരങ്ങളാണു.
അസ്ത്മയങ്ങൾ കാണാത്തവർ..പുലർകാലം വരേയോ പുലരാൻ അല്പം മാത്രമുള്ളടം വരേയോ ജോലിചെയ്യുന്നവർ.വൈകുന്നേരങ്ങളി​ൽ തുടങ്ങുന്ന ജോലിയവർക്ക് സമയബന്ധിതമല്ലാത്ത ഒരു ലോകത്തേക്കുള്ള താക്കോൽ കൊടുക്കുന്നു.ആ താക്കോൽ ഇന്നു ഞാൻ തിരിച്ചുകൊടുത്തു. പുതിയൊരു ജോലിയിലേക്കു ഉടനെ പ്രവേശിക്കും.എന്നാലും നാം വിസ്മരിക്കുന്ന ഒന്നുണ്ട്.ലോകത്തിന്റെ മുഴുവൻ പ്രശ്നങ്ങളും നീതികേടും അസമത്വങ്ങളും എഴുതി നിങ്ങളിലേക്കെത്തിക്കുന്ന ഒരു വിഭാഗം..ഉറക്കമൊഴിഞ്ഞു ജോലിചെയ്തു ഉറങ്ങാതെയുറങ്ങി വീടുകളിലേക്കെത്തുന്ന അവർ ശരിക്കും അഭിമാനികളാണു. ശമ്പളമില്ലെങ്കിൽ പോലും നിങ്ങൾക്കായവർ വാർത്തകളെ തിരഞ്ഞു നടക്കുന്നുണ്ട് എഴുതിനിറക്കുന്നുണ്ട്.അവരൊന്നും​ പറയുന്നില്ല...അവരുടേതായതൊന്നുംong>>

Wednesday, November 16, 2011

ജീവിതത്തില്‍ ചിലത്.

തുടക്കത്തിൽ

നമ്മൾ രണ്ടു വൻകരകളിൽ ആയിരിക്കും

സംസാരിച്ചു തുടങ്ങി വരുമ്പോൾ

ഭൂഖണ്ഡാതിർത്തികൾ

മഞ്ഞുരുകും പോലെ ഉരുകിപ്പോവും

പിന്നെയത്

രാജ്യാതിർത്തിയായി

ചുരുങ്ങുന്നു

ഇപ്പോൾ നമ്മൾ രണ്ടു

കരകളിലാണുള്ളത്

ഇനിയൊരു

ചെറിയ പാലം നമുക്കു

പണിയാം

അങ്ങോട്ടും ഇങ്ങോട്ടും

യഥേഷ്ഠം പാഞ്ഞുനടക്കാനൊരു പാലം.

നീയൊരു അമ്മയാണെന്നും

ഞാനൊരു അഛനാണെന്നതും

വെറും താത്വിക വിഷയം

എന്നാലും നിന്റെ

കുഞ്ഞു കരയുമ്പോഴും

എന്റെ പാതി മൊബൈലിൽ

ഒരോർമ്മകോൾ തീർക്കുമ്പോഴും

ആ പാലം ആരോ ബോംബിട്ടു തകർക്കുമ്പോലെ

തകരാറുണ്ട്....

അപ്പോഴൊക്കെ

നമ്മൾ

ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫ്ലാഷ് ബാക്കിലേക്കു തിരിച്ചുപോവും

Sunday, November 13, 2011

വെന്റിലേറ്റർ

വേണമെങ്കിൽ ശ്വസിച്ചോയെന്നു
ഓക്സിജൻ കുഴലുകൾ പറയും
ഇന്നലെവരെ ചോദിക്കാതെ
അകത്തേക്കു വലിച്ചതിനു
പരാതിപ്പെടുമ്പോലൊരു
ഔദാര്യം

ദൈവത്തിനു മാത്രം മനസ്സിലാവുന്ന
സ്പന്ദനങ്ങൾ
വിവർത്തനം ചെയ്യാനുള്ള
വിഫലശ്രമങ്ങൾ നടക്കും

അടുത്ത കിടക്കകളിൽ
വാടകമുറികൾ ഒഴിഞ്ഞുപോവും പോലെ
ആത്മാക്കൾ ഒഴിഞ്ഞുപോയ ശരീരങ്ങൾ
അടക്കാൻ മറന്ന ജാലകങ്ങൾപോലെ
തുറന്നിട്ടിരിക്കുന്ന കണ്ണുകൾ

ബലാബലം നിൽക്കുന്ന ഫൈനൽ മാച്ചിലെ
എക്സ്ട്രാ ടൈം പോലെ
ആകാംക്ഷഭരിതമാവും ചിലപ്പോൾ.
ജീവിതത്തിന്റെ ഗോൾമുഖത്തേക്കു
മരണത്തിൽ നിന്നും ഒരു ഫോർവേഡ്
എല്ലാ പ്രതിരോധങ്ങളും തകർത്തു
ഓടിയെത്തിയേക്കാം
തീർച്ചയായും നിങ്ങൾക്കപ്പോൾ
വേണ്ടത്
കരുത്തുറ്റ ബാക്ക് വാഡുകളാണു

ഡോക്ടർ പറയാറില്ലേ
പ്രാർത്ഥിക്കാൻ...............ആനുകാലിക കവിതയിൽ പ്രസിദ്ധീകരിച്ചതു ഒക്ടോബർ 2011

Thursday, October 13, 2011

രണ്ടു സ്വപ്നങ്ങൾ

ചിലതുണ്ട്
ചൂണ്ട കൊളുത്തുപോലെ
ചങ്കിൽ കൊളുത്തി വലിക്കും.
പിന്നെ കരക്കു പിടിച്ചിട്ട മീനിനെപ്പോലെ
പ്രാണനായുള്ള പിടപിടച്ചിലാണു.
അപ്പോൾ മരണത്തിന്റെ കുരുക്കഴിച്ചു
ഒരു നിലവിളി പുറത്തേക്കോടും
ഭീതിയുടെ കയത്തിൽ നിന്നും കരക്കു
വലിച്ചിടുമ്പോലെ കവിളിൽ തട്ടി
ചോദിക്കുന്നുണ്ടാവും അവൾ
പ്രാർത്ഥിച്ചു കിടന്നൂടായിരുന്നോ യെന്നു..
ഒട്ടും അധികമോ കുറവോ ആകാതെ
ഒന്നര മില്ലിമീറ്ററിൽ ഒന്നും മൂളും

നൂറുവട്ടം മിണ്ടാനും കാണാനും
കൊതിച്ചവൾ
അടുത്തേക്കോടിവരും
പാടുമ്പോലെ പറയും
സമയത്തെ സംഗീതമാക്കും
പാശ്ചാത്തലത്തിൽ
റാഫിയും കിഷോറും മുകേഷും
ഒരുമിച്ചൊരു പ്രണയഗാനം പാടും
ദുപ്പട്ട മറച്ചകരിനീലക്കണ്ണുകൾ
പ്രാവുപോലെ കുറുകും

എന്തിനായിങ്ങനെ ചിരിക്കുന്നേയെന്നു
ചോദിച്ചു
തട്ടി വിളിക്കുന്നുണ്ടാവുമവൾ....
സ്വപ്നത്തിനും ജീവിതത്തിനുമിടയിലെ
ഇങ്ങിനെ ചിലതട്ടി വിളിക്കലുകൾ
അനിവാര്യതയാണെന്നോർത്ത്
മെല്ലെപ്പറയും
‘പ്രാർത്ഥിച്ചാ കിടന്നത്....

Thursday, September 8, 2011

മൂന്നുബോംബുകൾ

-------------------------

ഒന്നുമില്ലാതെ ബോറടിക്കുമ്പോൾ
പൊട്ടാറുണ്ട് ചില ബോംബുകൾ
ആളപായമില്ലാതെ
ഏറ്റടുക്കാനാളില്ലാതെ
ചിലയിടങ്ങളിൽ..
പ്രതികളെ സാവധാനം
പേരുചേർത്തു നിരീക്ഷിച്ചു
മുയലിനെ പിടിക്കും പോലെ
മർമ്മമൊഴിച്ച് പിടിച്ചെടുക്കാം

ചിലപ്പോഴൊക്കെ
എല്ലാരും ബേജാറിലാകും
അഴിമതീന്നു പറഞ്ഞു
പത്രക്കാർ ബഹളം കൂട്ടുമ്പോൾ
കിഴവൻ കമ്മീഷനുകൾ
അത്തപ്പിത്ത പറയുമ്പോൾ
കോടതി കോട്ടുവായിടുമ്പോൾ
ദേ..ഒരൊറ്റപ്പൊട്ടൽ
തീരും ഒന്നുമുതൽ പതിനഞ്ചുവരെ..
ടീവീന്നു പൊട്ടിക്കരയും
സുരക്ഷാവീഴ്ച്ചയെന്നും
രേഖാചിത്രം പുറത്തു വിടുമെന്നും
ദേശത്തിന്റെ കെട്ടുറപ്പിനെ ചൊറിയരുതെന്നും
രാജ്യമൊറ്റക്കെട്ടെന്നും
ഒരൊറ്റപ്പറച്ചിൽ
കുപ്പികുലുക്കി
അഞ്ചുപേരിലൊന്നുറപ്പിച്ചാൽ
ഹാവൂ തീർന്നു അഴിമതി
മണ്ണാങ്കട്ട

പോവല്ലേ മൂന്നാമതൊന്നുണ്ട്
പൊട്ടാതെ കിട്ടുന്നത്
അതാരും വെക്കാം
അല്ല വായിക്കുന്ന നിങ്ങൾ വരെ

Monday, September 5, 2011

മറഞ്ഞുപോകുന്നവർ

ഓഫ് ലൈൻ മെസേജ്
ഒന്നും
പറഞ്ഞില്ലല്ലോ


കണ്ടു കണ്ടു
കാണാതാവുമ്പൊ തോന്നും
വൈറസു വന്നു ബ്ലോക്കായി പോയ
ഇമെയ്ലാണോ നിന്റേതെന്നു


ബോഗൺ വില്ലപൂത്തോ
കവിതയിലിപ്പോഴും
പ്രണയത്തിന്റെ ആഗോളീകരണമുണ്ടോ
ഗുൽമോഹറിന്റെ ചുവപ്പിനാരു
പേറ്റന്റെടുത്തു,

പറഞ്ഞും ചോദിച്ചും
വരുമ്പോഴേക്കും
ദേ ബിസിയൊന്നൊരു സ്റ്റാറ്റസ് ആണു?


തൊട്ടുനോക്കിയില്ല
അടുത്തുവന്നൊരു ചായകുടിച്ചില്ല
ഒരു സിഗരറ്റുപോലും ഒരുമിച്ചു വലിച്ചില്ല
എന്നിട്ടും വിളിച്ചുപോയിട്ടുണ്ട്
സുഹ്രുത്തേയൊന്നൊരുപാടു വട്ടം


കാണുന്നവരൊന്നും അറിയുന്നുണ്ടാവില്ല
കാണാത്തവരറിയുന്നുണ്ട്
എന്നാലും പറഞ്ഞൂകൂടായിരുന്നോ
മരിക്കും മുമ്പേ ഒരു സ്റ്റാറ്റസ് മെസ്സേജ് എങ്കിലും?.

Sunday, August 28, 2011

പെരുന്നാൾ
ചുളുക്കുവീണ പെരുന്നാളുകൾ
തേച്ചു നിവർത്തിയെടുക്കാൻ
എത്ര കനലാ കത്തിച്ചു
ഇസ്തിരിപ്പെട്ടി നിറച്ചതു

അയലത്തെബിരിയാണി
മണംകരളിനെ പിടപ്പിക്കുമ്പോൾ
ഉമ്മ ഒറ്റവാക്കിൽവയറുനിറച്ചു
ബിരിയാണിതിന്നിക്കും
പടച്ചോന്റെ കാരുണ്യംകടലാ മോനെ...

ആ കടലും കടന്നുപോയപ്പോഴാണൂ
കരഞ്ഞ കണ്ണുകളൊക്കെ ചിരിച്ചതും
ഞാൻ മാത്രമെല്ലാ പെരുന്നാളിനും കരഞ്ഞതും

എല്ലാവർക്കും എന്റെ ചെറിയപെരുന്നാളാശംസകൾ

Sunday, July 24, 2011

പരിഭവങ്ങള്‍

ഉമ്മാ..

മയ്യത്തുപോലത്തെ
മനുഷ്യന്‍മാര്‍ക്കിടയിലാ
കിടക്കുന്നത്


ഖബറുപോലെ ഇടുങ്ങിയ
കട്ടിലില്‍ കിടന്നാ
ഇക്കാണുന്ന കിനാവൊക്കെ
കാണുന്നത്


ഉറക്കം കടിച്ചുകൊണ്ടു പോവുന്ന
മൂട്ടകളാ
ഓര്‍മ്മകളെയിങ്ങനെ
പിരാന്തു പിടിപ്പിക്കുന്നത്


പെയിന്റു കൊണ്ടെഴുതിയത്
മഷിത്തണ്ടു കൊണ്ടും മായ്ക്കുന്ന
പൊട്ടനാ
ഉമ്മാന്റെ മോനിപ്പൊഴും


ഉമ്മാ..കേട്ടാലും കേട്ടാലും
പൂതി തീരാത്ത കഥ പറയ്
കേട്ടുറങ്ങുമ്പോലെ കിടക്കട്ടെ ഞാന്‍
കേട്ടു കേട്ടുറങ്ങട്ടെ ഞാന്‍ .


ആനുകാലിക കവിതയില്‍ പ്രസിദ്ധീകരിച്ചത്
http://anukalikakavitha.blogspot.com/2011/05/blog-post_3119.html

Sunday, February 13, 2011

കുഞ്ഞുങ്ങളുടെ ശ്മശാനം

കുഞ്ഞുങ്ങളുടെ
ശ്മശാനത്തിനു
കാവലിരിക്കുകയാണു ഞാന്‍


നിങ്ങള്‍ക്കറിയില്ല
അവരെത്രമാത്രം
ശാന്തരായാണുറങ്ങുന്നതെന്ന്


നക്ഷത്രങ്ങളുള്ള രാത്രികളില്‍
മഴവില്ലിന്റെയുടുപ്പണിഞ്ഞു
പൂവിരിയും പോലെ
പുഞ്ചിരിച്ചവര്‍ വരാറുണ്ട്
കഥകേള്‍ക്കാന്‍

നീളമില്ലാത്തരാത്രിയെ
പഴിച്ചു
തീരാത്ത കഥയുമായി
കുഴിമാടങ്ങളിലേക്കവര്‍
തിരിച്ചു പോവാറുണ്ട്


നിങ്ങള്‍ കാണുന്നില്ലേ
ശ്വാസം പോലും കേള്‍പ്പിക്കാതെ
ഉറങ്ങിപ്പോയ ശ്മശാനങ്ങളെ

ഒരോ കുഴിമാടങ്ങളും
പറയുന്നുണ്ട്
ഈ പൂവിനെയാരോ കശക്കിയെറിഞ്ഞതാണെന്നു
ആരാവാം?
അച്ചന്‍....
അധ്യാപകന്‍
അയല്‍ക്കാരന്‍
ഏയ്...ആരൊക്കെയോ

യുദ്ധവിമാനങ്ങള്‍ റാഞ്ചിയെടുത്തവര്‍
തോക്കുകള്‍ കൊത്തിപ്പറിച്ചെടുത്തവര്‍


മരിച്ചവരെപ്പോലയല്ലവര്‍
ജീവിതത്തെപ്പറ്റി
പരാതിയില്ലാതെ
പറന്നുപോയവര്‍


ഇന്നു നിലാവും
നക്ഷത്രങ്ങളുമുള്ള രാത്രിയല്ലെ
അവര്‍ വരാതിരിക്കില്ല
മഴവില്ലിന്റെ.....
പൂപോലെ.......

http://boolokakavitha.blogspot.com/2010/12/blog-post_17.html

നഗരം

രാത്രികളിൽ
നഗരം പാത്തും പതുങ്ങിയും
ഗ്രാമത്തിൽ വരാറുണ്ടായിരുന്നു

ഒരോവീട്ടിലും
ഓരോദിവസവും
ജാരനായി

അവിഹിത ഗർഭങ്ങളൊക്കെ
വളർന്നു കരുത്തുള്ളവരായി

ഇന്നോരോ വീടിനും
വലിയ വേലികൾകെട്ടി
വീടെന്ന പേരൊട്ടിക്കുന്നുണ്ടവർ

ഞങ്ങളിന്നു
മിണ്ടാറില്ല
ചിരിക്കാറില്ല
കണ്ണാടികളാണു നിറയെ
ചുവരിലും വേലിയിലും

നഗരമിന്നു പകലാണു
വരുന്നത്
തലച്ചോറു കത്തുന്ന
പല്ലും നഖവുമുള്ള
യന്ത്രങ്ങളിൽ
പതിവു പറ്റുകാരായി

http://boolokakavitha.blogspot.com/2010/11/blog-post_12.html

Saturday, February 12, 2011

മടക്കം

പെർഫ്യൂമും
മൊബൈലുമില്ലാതെ
വന്നതുകൊണ്ടാണോ
ആളുകളിങ്ങനെ
അനക്കമില്ലാതെ
അടക്കം പറയുന്നത്?

ഓർമ്മകളും നെടുവീർപ്പുമ്മില്ലാതെ
തണുപ്പിലിങ്ങാനെ
നീണ്ടു നിവർന്നുകിടക്കുന്നത്
കാണുവാനാണോ
കല്ല്യാണവീട്ടിലെന്നപോലാളുകൾ?

ആരു കണ്ടാലും ചോദിച്ചുപോവും
പത്തു ഡ്രാഫ്റ്റെഴുതുമ്പോഴേക്കും
മഷിതീർന്നുപോയ ദുനിയാവല്ലടോ
നമ്മുടേതെന്ന്.

അകത്തൊരു പെണ്ണുജീവിതമെന്തിനാ
ഇങ്ങിനെ കരയുന്നത്?
ഖൽബിലും ഖബറിലും
ഒറ്റക്കായിപ്പോവുന്ന
ദെണ്ണം കൊണ്ടാണോ?

http://anukalikakavitha.blogspot.com/2010/11/blog-post_7727.html