Thursday, September 8, 2011

മൂന്നുബോംബുകൾ

-------------------------

ഒന്നുമില്ലാതെ ബോറടിക്കുമ്പോൾ
പൊട്ടാറുണ്ട് ചില ബോംബുകൾ
ആളപായമില്ലാതെ
ഏറ്റടുക്കാനാളില്ലാതെ
ചിലയിടങ്ങളിൽ..
പ്രതികളെ സാവധാനം
പേരുചേർത്തു നിരീക്ഷിച്ചു
മുയലിനെ പിടിക്കും പോലെ
മർമ്മമൊഴിച്ച് പിടിച്ചെടുക്കാം

ചിലപ്പോഴൊക്കെ
എല്ലാരും ബേജാറിലാകും
അഴിമതീന്നു പറഞ്ഞു
പത്രക്കാർ ബഹളം കൂട്ടുമ്പോൾ
കിഴവൻ കമ്മീഷനുകൾ
അത്തപ്പിത്ത പറയുമ്പോൾ
കോടതി കോട്ടുവായിടുമ്പോൾ
ദേ..ഒരൊറ്റപ്പൊട്ടൽ
തീരും ഒന്നുമുതൽ പതിനഞ്ചുവരെ..
ടീവീന്നു പൊട്ടിക്കരയും
സുരക്ഷാവീഴ്ച്ചയെന്നും
രേഖാചിത്രം പുറത്തു വിടുമെന്നും
ദേശത്തിന്റെ കെട്ടുറപ്പിനെ ചൊറിയരുതെന്നും
രാജ്യമൊറ്റക്കെട്ടെന്നും
ഒരൊറ്റപ്പറച്ചിൽ
കുപ്പികുലുക്കി
അഞ്ചുപേരിലൊന്നുറപ്പിച്ചാൽ
ഹാവൂ തീർന്നു അഴിമതി
മണ്ണാങ്കട്ട

പോവല്ലേ മൂന്നാമതൊന്നുണ്ട്
പൊട്ടാതെ കിട്ടുന്നത്
അതാരും വെക്കാം
അല്ല വായിക്കുന്ന നിങ്ങൾ വരെ

Monday, September 5, 2011

മറഞ്ഞുപോകുന്നവർ

ഓഫ് ലൈൻ മെസേജ്
ഒന്നും
പറഞ്ഞില്ലല്ലോ


കണ്ടു കണ്ടു
കാണാതാവുമ്പൊ തോന്നും
വൈറസു വന്നു ബ്ലോക്കായി പോയ
ഇമെയ്ലാണോ നിന്റേതെന്നു


ബോഗൺ വില്ലപൂത്തോ
കവിതയിലിപ്പോഴും
പ്രണയത്തിന്റെ ആഗോളീകരണമുണ്ടോ
ഗുൽമോഹറിന്റെ ചുവപ്പിനാരു
പേറ്റന്റെടുത്തു,

പറഞ്ഞും ചോദിച്ചും
വരുമ്പോഴേക്കും
ദേ ബിസിയൊന്നൊരു സ്റ്റാറ്റസ് ആണു?


തൊട്ടുനോക്കിയില്ല
അടുത്തുവന്നൊരു ചായകുടിച്ചില്ല
ഒരു സിഗരറ്റുപോലും ഒരുമിച്ചു വലിച്ചില്ല
എന്നിട്ടും വിളിച്ചുപോയിട്ടുണ്ട്
സുഹ്രുത്തേയൊന്നൊരുപാടു വട്ടം


കാണുന്നവരൊന്നും അറിയുന്നുണ്ടാവില്ല
കാണാത്തവരറിയുന്നുണ്ട്
എന്നാലും പറഞ്ഞൂകൂടായിരുന്നോ
മരിക്കും മുമ്പേ ഒരു സ്റ്റാറ്റസ് മെസ്സേജ് എങ്കിലും?.