Sunday, November 13, 2011

വെന്റിലേറ്റർ

വേണമെങ്കിൽ ശ്വസിച്ചോയെന്നു
ഓക്സിജൻ കുഴലുകൾ പറയും
ഇന്നലെവരെ ചോദിക്കാതെ
അകത്തേക്കു വലിച്ചതിനു
പരാതിപ്പെടുമ്പോലൊരു
ഔദാര്യം

ദൈവത്തിനു മാത്രം മനസ്സിലാവുന്ന
സ്പന്ദനങ്ങൾ
വിവർത്തനം ചെയ്യാനുള്ള
വിഫലശ്രമങ്ങൾ നടക്കും

അടുത്ത കിടക്കകളിൽ
വാടകമുറികൾ ഒഴിഞ്ഞുപോവും പോലെ
ആത്മാക്കൾ ഒഴിഞ്ഞുപോയ ശരീരങ്ങൾ
അടക്കാൻ മറന്ന ജാലകങ്ങൾപോലെ
തുറന്നിട്ടിരിക്കുന്ന കണ്ണുകൾ

ബലാബലം നിൽക്കുന്ന ഫൈനൽ മാച്ചിലെ
എക്സ്ട്രാ ടൈം പോലെ
ആകാംക്ഷഭരിതമാവും ചിലപ്പോൾ.
ജീവിതത്തിന്റെ ഗോൾമുഖത്തേക്കു
മരണത്തിൽ നിന്നും ഒരു ഫോർവേഡ്
എല്ലാ പ്രതിരോധങ്ങളും തകർത്തു
ഓടിയെത്തിയേക്കാം
തീർച്ചയായും നിങ്ങൾക്കപ്പോൾ
വേണ്ടത്
കരുത്തുറ്റ ബാക്ക് വാഡുകളാണു

ഡോക്ടർ പറയാറില്ലേ
പ്രാർത്ഥിക്കാൻ...............



ആനുകാലിക കവിതയിൽ പ്രസിദ്ധീകരിച്ചതു ഒക്ടോബർ 2011

6 comments:

നാമൂസ് said...

ഉള്ളം പൊള്ളുന്നുണ്ട്.
ജീവിതമോ മരണമോ ഏതാണെളുപ്പം.?

Vp Ahmed said...

ആശംസകള്‍
http://surumah.blogspot.com

viddiman said...

കൊള്ളാം..
ജീവിതവും മരണവും തമ്മിലുള്ള കളിയിൽ റഫറിയാവുന്നത് ആരാണ് ?

Ismail Chemmad said...

നന്നായിട്ടുണ്ട് . ആശംസകള്‍

ഇഗ്ഗോയ് /iggooy said...

അനന്തമായ പ്രാര്‍‌ത്ഥനയകുന്നു ജീവിതം എന്നു പറഞ്ഞത് ബഷീറാണ്‌.
മരണത്തിന്റെ ഗോള്‍മുഖത്തെ ഡിഫന്ററാണ്‌ പ്രാര്‍ത്ഥന എന്ന് വേറാരും പറഞ്ഞിട്ടുണ്ടാകില്ല.

കാടോടിക്കാറ്റ്‌ said...

നിശബ്ദമായ ഒരു പ്രാര്‍ത്ഥന...
ഭാവുകങ്ങള്‍ ഹാരിസ്‌